എഴുപതുകളുടെ തുടക്കത്തില്‍ പ്രൈമറി ക്ളാസില്‍ പഠിക്കുമ്പോഴായിരുന്നു ബോബനും മോളിയും ആദ്യമായി വായിക്കുന്നത്. അച്ഛണ്റ്റെ സുഹൃത്ത് വൈദ്യരുടെ വീട്ടില്‍ നിന്നായിരുന്നു വായനയുടെ തുടക്കം. വീട്ടില്‍ ജനയുഗമായിരുന്നു വരുത്തിയിരുന്നത്. മനോരമയെക്കാളും പോപ്പുലറായ വാരിക അന്ന് ജനയുഗമായിരുന്നു. വൈദ്യര്‍ മാമായുടെ വീട്ടില്‍ പോകുന്നതിണ്റ്റെ പ്രധാന ആകര്‍ഷണം മനോരമയായിരുന്നു. പഴയ ലക്കങ്ങള്‍ അവര്‍ അടുക്കി സൂക്ഷിച്ചിരുന്നു. ഒരു പത്തായപ്പുറത്ത് മനോരമകളുമായി ആര്‍ത്തിയോടെ ഞാന്‍ ചടഞ്ഞിരുന്നു. ഒരോ വാരികയുമെടുത്ത് നേരെ അവസാന പേജ് തുറന്ന് കുസൃതിക്കുട്ടികളുടെ തമാശകളിലേയ്ക്ക് ഊളിയിട്ടു. വായിച്ചത് വീണ്ടും ആവര്‍ത്തിച്ചു. ബോബനും മോളിയും എല്ലാ മലയാളികളുടെയും ഹൃദയത്തിലേറിയപോലെ എണ്റ്റേയും പ്രിയപ്പെട്ടവരായി.
കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അച്ഛനോട് നിര്‍ബന്ധിച്ച് മനോരമയും വീട്ടില്‍ വരുത്തിക്കാന്‍ തുടങ്ങി. അകലെയായിരുന്ന ബോബനും മോളിയും അപ്പോള്‍ കുറേക്കൂടി സ്വന്തമായപോലെ!വായിച്ചുകഴിഞ്ഞ വാരിക വീണ്ടുമെടുത്ത് ബോബനും മോളിയും നോക്കിയിരിക്കും. ഒരിക്കല്‍ മനോരമയുടെ ഏതോ മീറ്റിംഗിണ്റ്റെ വാര്‍ത്ത വാരികയില്‍ ചിത്രങ്ങള്‍ സഹിതം അടിച്ചുവന്നു. അതില്‍ ബോബനും മോളിയും വരയ്ക്കുന്നയാളിണ്റ്റെ ചിത്രവുമുണ്ടായിരുന്നു. ആ ചിത്രം വീട്ടില്‍ സഹോദരിമാരെയൊക്കെ കൊണ്ട് നടന്ന് കാണിച്ചത് ഞാന്‍ ഓര്‍ക്കുന്നു. പ്രേംനസീര്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ പ്രശസ്തിയുള്ള കലാകാരന്‍ അന്ന് ഒരുപക്ഷെ ശ്രീ ടോംസ് ആയിരുന്നിരിക്കാം.
വര്‍ഷങ്ങള്‍ കടന്നു പോയി. ബോബനും മോളിയും പുസ്തക രൂപത്തില്‍ അച്ചടിച്ചിറങ്ങി. ഏത് പ്രസാധകനും അന്തംവിട്ടുപോകുന്ന വില്‍പനയായിരുന്നു അന്നതിന്. ഒരു ജനത നെഞ്ചിലേറ്റിയ കഥാപാത്രങ്ങള്‍ക്കുള്ള അംഗീകാരം. ഇത്രയും പ്രശസ്തമായ കാര്‍ട്ടൂണുകളെക്കുറിച്ച് ഗൌരവമാര്‍ന്ന ഒരു പഠനം വന്നിട്ടില്ലെന്നെനിക്ക് തോന്നിയിട്ടുണ്ട്. ബോബനും മോളിയേയും കുറിച്ചുള്ള കുറിപ്പുകളല്ല ഞാനുദ്ദേശിച്ചത്. വരകളുടെ ശൈലി, അതിണ്റ്റെ ലേ ഔട്ട്, ഉള്ളടക്കത്തിലെ പരിഹാസം ഒക്കെ ഒരു പഠനത്തിന് യോഗ്യമല്ലേ? അതോ മനോരമ പോലൊരു ജനപ്രിയ വാരികയില്‍ വന്നതു കൊണ്ട് അതിനുള്ള അര്‍ഹതയില്ലാത്തതകുമോ?
ആനിമേഷനുമായി ബന്ധപ്പെട്ട് ഞാന്‍ എറണാകുളത്ത് താമസമാക്കിയപ്പോള്‍ ഒരു പരസ്യചിത്രത്തിണ്റ്റെ കാര്യത്തിനായി ടോംസ് സാര്‍ ഞാന്‍ താമസിക്കുന്നിടത്തെത്തി. അദ്ദേഹത്തെ റെയില്‍ വേ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടവരാന്‍ ചെന്ന ഞാന്‍ കണ്ടത് വളരെ സാധാരണക്കാരനായി വരുന്ന നന്നെ പൊക്കമുള്ള ഒരു മനുഷ്യനെയാണ്. ഒരു കാലഘട്ടത്തിണ്റ്റെ ലെജണ്റ്റാണ് താന്‍ എന്നുള്ള കാര്യം അദ്ദേഹത്തിന് മാത്രം അറിയില്ലെന്ന് തോന്നി.
സുഹൃത്തായ രാധാകൃഷ്ണനായിരുന്നു ബോബനും മോളിയും ആനിമേറ്റ് ചെയ്യുന്നതിനെക്കുറിച്ച് ആദ്യം പ്ളാന്‍ ചെയ്യുന്നത്. ടൂണ്‍സിലെ ആനിമേറ്ററായിരുന്ന അദ്ദേഹം മുന്‍പ് ടോംസ് സാറിനുവേണ്ടി ജോലിചെയ്തിരുന്നു. മലയാളത്തില്‍ ആനിമേഷന്‍ മൂവിചെയ്യുമ്പോള്‍ ബജറ്റ് വളരെ കുറയ്ക്കേണ്ടതുണ്ടായിരുന്നു. അത്രയ്ക്കും ചെറിയ മാര്‍ക്കറ്റാണ് മലയാളത്തിനുള്ളത്. മറ്റുഭാഷകളിലേയ്ക്ക് മൊഴിമാറ്റാന്‍ പ്രയാസകരമായ സംഭാഷണ ശൈലിയാണ് ബോബനും മോളിയുടേത്. പ്രത്യേകിച്ചും ഭാഷയുപയോഗിച്ചുള്ള ട്വിസ്റ്റുകള്‍. അതുകൊണ്ട് ഫ്ലാഷ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ലിമിറ്റഡ് ആനിമേഷനില്‍ ബോബനും മോളിയും ചെയ്യാം എന്ന തീരുമാനത്തിലെത്തി.
പ്രൊഡ്യൂസറെ കണ്ടെത്താന്‍ കുറേ ശ്രമിക്കേണ്ടിവന്നു. തൃശ്ശൂര്‍ക്കാരന്‍ ഷാബു അബൂബക്കര്‍ നിര്‍മ്മാതാകാന്‍ താത് പര്യപ്പെട്ടു. ഇന്ത്യയിലെ പ്രദേശിക ഭാഷയില്‍ ഒരു കാര്‍ട്ടൂണിസ്റ്റിന് ലഭിക്കുന്ന ഏറ്റവും വലിയതുകയ്ക്ക് ശ്രീ ടോംസുമായ് ഷാബു കരാര്‍ ഒപ്പിട്ടു. മുപ്പത്തഞ്ചോളം കുട്ടികളില്‍ നിന്ന് ബോബണ്റ്റേയും മോളിയുടേയും ശബ്ദം ഞങ്ങള്‍ കണ്ടെത്തി. ബോബന് വേണ്ടി " മാടത്തക്കിളി.... മാനത്തെന്തു വിശേഷം" എന്ന സിനിമാഗാനം പാടിയ വൈശാഖ് ശബ്ദം നല്‍കി. മോളിക്ക് വേണ്ടി ഗ്രീഷ്മ വിജയകുമാറും.
ആനിമേഷന്‍ പുരോഗമിക്കുമ്പോള്‍ നിര്‍മ്മാണം മറ്റൊരാള്‍ക്ക് ഷാബു കൈ മാറി. ചാലക്കുടിയിലെ പ്രമുഖ ബിസിനസ്സുകാരന്‍ അഡ്വക്കേറ്റ് സാജന്‍ ജോസ് മാളക്കാരന്‍ നിര്‍മാതാവായി. ബോബനും മോളിയോടുള്ള താത്പര്യം ഒന്നു കൊണ്ട് മാത്രമാണ് അദ്ദേഹം ഇതിലേയ്ക്ക് വന്നത്. അതിലെ ലാഭ നഷ്ടങ്ങളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചതേയില്ല.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ആനിമേഷന്‍ പ്രൊജക്ടായിരുന്നു ബോബനും മോളിയും. പക്ഷെ അതിണ്റ്റെ ചിലവില്‍ പകുതിയോളം കോപ്പിറൈറ്റിനായി നല്‍കേണ്ടിവന്നതിനാല്‍ അനിമേഷനില്‍ വേണ്ടത്ര മികവു പുലര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയി എന്നതാണ് വസ്തുത.
ആനിമേഷന്‍ പുരോഗമിക്കുമ്പോഴും ഞാന്‍ ചിന്താക്കുഴപ്പത്തിലായി. ആദ്യം ടോംസ് സാറിണ്റ്റെ വര അതേപടി നിലനിര്‍ത്തിക്കൊണ്ടായിരുന്നു ഞങ്ങള്‍ ആനിമേഷന്‍ ചെയ്തിരുന്നത്.
സ്ക്രിപ്റ്റ് തയ്യാറക്കാനും സ്റ്റോറി ബോഡ് ചെയ്യാനും എളുപ്പമായിരുന്നു. മിക്കവാറും അദ്ദേഹത്തിണ്റ്റെ തന്നെ സംഭാഷണങ്ങള്‍ വിശദീകരിക്കുക മാത്രം ചെയ്താല്‍ മതിയായിരുന്നു. സ്റ്റോറി ബോഡ് ആകട്ടെ വളരെ കൃത്യമായി അദ്ദേഹത്തിണ്റ്റെ കോമിക്സില്‍ തന്നെയുണ്ടാകും. (സംവിധായകന്‍ മെക്കാര്‍ട്ടിന്‍ നല്ലൊരു സ്റ്റോറിബോഡിന് ഉദാഹരണമായി ഒരിക്കല്‍ ചൂണ്ട്ക്കാട്ടിയത് ബോബനും മോളിയുമാണ്). പക്ഷേ ഒരോ കാലഘട്ടത്തിലേയും ബോബനും മോളിയുടെ വര വ്യത്യാസപ്പെട്ടിരുന്നു. ശ്രീ ടോംസ് വര തുടങ്ങിയപ്പോഴുള്ളതില്‍ നിന്നും പാടെ വ്യത്യസ്ഥമാണ് എഴുപതുകളിലേത്. എണ്‍പതുകളില്‍ ബോബണ്റ്റേയും മോളിയുടേയും പൊക്കം അല്‍പം കുറഞ്ഞു. ആദ്യകാലങ്ങളില്‍ പോത്തന്‍ വക്കീലിണ്റ്റെ മുടി പാറിപ്പറന്ന് കിടക്കുമായിരുന്നു. ദരിദ്രവാസിയായ ഒരു വക്കീലിണ്റ്റെ ലക്ഷണങ്ങള്‍ അദ്ദേഹത്തിലുണ്ടായിരുന്നു. പിന്നീട് കാലാനുസൃതമായി മുടി കുറച്ചുകൂടി ഒതുക്കിവച്ചു കൊടുത്തത് കാണം. ഇപ്പോഴത്തെ ഡ്രായിംഗ് സ്റ്റൈല്‍ പഴയതില്‍ നിന്നും വളരെ വ്യത്യസ്തമാണ്.
(കാലത്തിലൂടെ കടന്നുപോകുമ്പോള്‍ “ബോബനും മോളിയും” വരയില്‍ വരുന്ന മാറ്റം നോക്കുക)
1
2
3
4
5
6
7
8
കാലാനുസൃതമായി കാര്‍ട്ടൂണിസ്റ്റിണ്റ്റെ വരയില്‍ മാറ്റമുണ്ടായിക്കൊണ്ടിരുന്നു. സ്ട്രോക്കുകളുടെ അനായാസതയും ഭാവങ്ങളുടെ മികവും കൂടിവരുന്നത് ഈ കാലഘട്ടങ്ങളിലെ ചിത്രങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മനസ്സിലാകും. എണ്‍പതുകളിലെ വരകള്‍ക്കാണെന്നു തോന്നുന്നു ഏറ്റവും മികവ്. ഞങ്ങളെ കുഴക്കിയ മറ്റൊരു കാര്യം ബോബനും മോളിയിലെ ചിത്രങ്ങള്‍ അപ്പടി ക്ളോസപ്പിലേക്ക് കൊണ്ടുവരാനകില്ല എന്നതാണ്. വളരെ സിമ്പ്ളിഫൈ ചെയ്തുള്ള വരയാണ് അദ്ദേഹത്തിണ്റ്റേത്. ചെറിയ കോളത്തിലുള്ള വരയ്ക്ക് അത് മനോഹരവുമാണ്. ആനിമേഷനില്‍ അത് പോരാതെ വന്നു. ബോബനും മോളിക്കും സ്ഥിരമായ ആകൃതിയും രൂപവും തയ്യാറാക്കുക എന്ന തീരുമാനത്തിലെത്തി ഞങ്ങള്‍. ടോംസ് സാറിണ്റ്റെ കഥാപാത്രങ്ങളൂടെ ആകൃതി അതേപടി നിലനിര്‍ത്തിക്കൊണ്ട് അദ്ദേഹത്തിണ്റ്റെ അനുവാദത്തോടെ, പുതിയ തലമുറയ്ക്ക് കൂടി സ്വീകാര്യമായ തരത്തില്‍ ബോബനും മോളിയുടെ വരയുടെ സ്റ്റൈലില്‍ ചെറിയൊരു മാറ്റം വരുത്തി. ഒടുവില്‍ ആനിമേറ്റ് ചെയ്ത അറുപതോളം കഥകള്‍ക്ക് ഇത്തരം വരകളാണ് ഉപയോഗിച്ചിരിക്കുന്നത്.
എന്തുകൊണ്ട് മികച്ച ഒരു കാര്‍ട്ടൂണ്‍ പരമ്പര മലയാളത്തില്‍ മാത്രമൊതുങ്ങുന്നു? ഭാഷാപരമായ ചില പ്രയോഗങ്ങള്‍ ഒഴിവാക്കിയാല്‍ ബോബനും മോളിയും എല്ലാഭാഷകളിലും സ്വീകാര്യമാകില്ലേ?
എനിക്ക് തോന്നിയ ചിലകാര്യങ്ങള്‍- പുതിയ തലമുറയ്ക്ക് ബോബനും മോളിയും അത്ര സ്വീകാര്യമാകുന്നില്ല. അവരുടെ മുന്നില്‍ ധാരാളം ചോയിസുണ്ട്. അതിനോട് കിടപിടിക്കാന്‍ കഴിയുന്ന രീതിയിലേയ്ക്ക് ബോബനും മോളിയും മാറ്റാന്‍ കഴിഞ്ഞാല്‍ പുതിയ കാലഘട്ടത്തിലും ബോബനും മോളിയും തീര്‍ച്ചയായും ഹിറ്റാകും. പഴയ ഏറ്റവും രസകരമായ കഥകള്‍ പുനരാവിഷ്കരിക്കണം. കാലികമായി പശ്ചാത്തലം പുനക്രമീകരിക്കണം. വിദേശ കോമിക്സുകള്‍ ചെയ്യുന്ന പോലെ ശ്രീ ടോംസ് ക്രിയേറ്റര്‍ മാത്രമായിരിക്കണം. അദ്ദേഹം തയ്യാറക്കുന്ന സ്റ്റോറി ബോഡ് ഉപയോഗിച്ച് ഒരുകൂട്ടം മികച്ച ചിത്രകാരന്‍മാര്‍ ബോബനും മോളിയും വരയ്ക്കുന്നു. കഥാപാത്രങ്ങളുടെ രൂപം അതേപടി നിലനിര്‍ത്തിക്കൊണ്ട് ഇണ്റ്റെര്‍നാഷണല്‍ ക്വാളിറ്റിയില്‍ വേണം ചിത്രീകരണം. കഥാ പാത്രങ്ങളുടേയും പശ്ചാത്തലത്തിണ്റ്റേയും രൂപവും അളവും സ്ഥിരമായിരിക്കണം. മള്‍ട്ടികളറില്‍ പുതിയ ബോബനും മോളിയും എല്ലാ ഇന്ത്യന്‍ ഭാഷകളിലും വിദേശത്തും തകര്‍ത്ത് മുന്നേറട്ടെ!