Friday, December 14, 2007

സെന്‍സര്‍ ബോഡ് കണ്ടെത്തിയ ബോബനും മോളിയിലെ അശ്ലീലം

ബോബനും മോളിയും ആനിമേറ്റഡ് കഥകളുടെ VCD പുറത്തിറക്കാനായി അതിന്റെ നിര്‍മ്മാതാക്കള്‍ കഥകള്‍ സെന്‍സറിംഗിന് ഏല്‍പ്പിക്കുകയുണ്ടായി. (ഇപ്പോള്‍ എല്ലാ VCD കള്‍ക്കും സെന്‍സറിംഗ് ബാധകമാണ്). കുട്ടികള്‍ക്കുള്ള വകുപ്പില്‍ പെടുത്തിയാണ് സെന്‍സറിംഗിനയച്ചത്. അതിനാല്‍ ചില കഥകള്‍ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയില്ല. പൊതുവെ സീകാര്യമല്ലായെന്ന് തോന്നിയ കഥകള്‍ ആനിമേറ്റ് ചെയ്യുന്നതില്‍ നിന്നും ഞാന്‍ ഒഴിവാക്കിയിരുന്നു. എങ്കിലും സെന്‍സര്‍ബോര്‍ഡിന്റെ കണ്ണുകളില്‍ ചിലതെല്ലാം നമ്മുടെ സദാചാരത്തിന് നിരക്കാത്തതായിരുന്നു. അതിലെ ഒരു കഥയില്‍ സെന്‍സര്‍ബോര്‍ഡ് കണ്ടെത്തിയ മോശം ഭാഗം താഴെക്കൊടുക്കുന്നു.
(ഈ കഥയുടെ വീഡിയോ കാണണമെങ്കില്‍ ഇവിടെ നോക്കുക).

കഥാസന്ദര്‍ഭം -
ഒരു ഓണാഘോഷത്തിന് ചേട്ടനും ബോബനും ഉള്‍പ്പെട്ട “പാഞ്ചാലീ വസ്ത്രാക്ഷേപം” നാടകം അവതരിപ്പിക്കുന്നു. അതില്‍ ബോബന്‍ പാഞ്ചാലീ വേഷത്തിലാണ്. നാടകത്തിനിടയില്‍ ചേട്ടന്‍ ബോബന്റെ സാരിയഴിക്കുന്നു. നേരത്തെ പറഞ്ഞിരുന്ന എണ്ണം തെറ്റി ബോബനുടുത്ത മൊത്തം സാരിയും അഴിച്ചുമാറ്റപ്പെടുന്നു.

ജട്ടി മാത്രമിട്ട ബോബന്‍!
ഇങ്ങനെ ജട്ടിയിട്ട ബോബനെ കുടുംബം മൊത്തത്തിലിരുന്ന് കാണുന്നത് മോശമാകുമെന്ന് സെന്‍സര്‍ബോര്‍ഡ്.
ഈ കഥയുടെ VCD അനുമതി സെന്‍സര്‍ബോര്‍ഡ് നിഷേധിക്കുകയും ചെയ്തു.

( രംഗത്തിന്റെ നിശ്ചല ദൃശ്യങ്ങള്‍ താഴെ)














ഒരു കുട്ടിയുടെ ജട്ടിയിട്ട രൂപം പോലും അശ്ലീലമാകുന്ന തരം സദാചാരമാണോ നമുക്കുള്ളത്?

ബോബനും മോളിയും നമ്മുടെ കുട്ടികളെ വഷളാക്കുമോ?

Sunday, October 28, 2007

ബോബനും മോളിയും- ഒരു പഠനം ആവശ്യപ്പെടുന്നു?

ബോബനും മോളിയും മനോരമയില്‍ വന്നതുകൊണ്ടാണോ അതോ വളരെ ലളിതമായി വിഷയങ്ങള്‍ കൈകാര്യം ചെയ്തത്‌ കൊണ്ടാണോ വേണ്ടത്ര ഗൌരവത്തോടെ ചര്‍ച്ചചെയ്യപ്പെടാതെ പോയത്‌?
ബോബനും മോളിയും എന്ന കഥാപാത്രങ്ങളെക്കുറിച്ചു മാത്രമാണ്‌ പൊതുവെ ചര്‍ച്ചചെയ്യപ്പെട്ട്‌ കാണുന്നത്‌.



ബോബനും മോളിയും അനിമേഷന്‍ ചെയ്യുന്നതിനുള്ള ചുമതല ലഭിക്കുന്നതോടെയാണ്‌ ശരിക്കും ബോബനും മോളിയും കാര്‍ട്ടൂണ്‍ സ്ട്രിപ്പുകളെ നേരമ്പോക്ക്‌ വയന എന്നതില്‍ നിന്നും ഗൌരവവായനയിലേക്ക്‌ ഞാനും ശ്രമിക്കുന്നത്‌. എങ്കിലും എഴുപതുകളിലെ ബോബനും മോളിയിലൂടെ കടന്ന്‌ പോകെപ്പോകെ അതിലെ കഥാപാത്രങ്ങള്‍, അവരുടെ ഭാവങ്ങള്‍, ശരീര ഭാഷ ഒക്കെ എന്നെ ആകെ പിടിച്ചിരുത്തി.

ഒരിക്കല്‍ സംവിധായകന്‍ ശ്രീ മെക്കാര്‍ട്ടിനുമായി സംസാരിക്കവെ ബോബനും മോളിയും ആനിമേറ്റ്‌ ചെയ്യുന്നതിനോട്‌ അദ്ദേഹം വിയോജിപ്പ്‌ പ്രകടിപ്പിച്ചു. ബോബനും മോളിയും ആനിമേറ്റ്‌ ചെയ്യനോ സിനിമയാക്കാനോ ചെയ്യാനാവില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. "അങ്ങനെ ചെയ്യുന്നത്‌ വലിയ അബദ്ധമാണ്‌".

ബോബനും മോളിയും ആനിമേറ്റ്‌ ചെയ്ത്‌ തുടങ്ങിയപ്പോള്‍ എനിക്കത്‌ ശരിക്കും അനുഭവപ്പെട്ടു.
നിരന്തരമായ വേഗതയാണ്‌ ബോബനും മോളിയും കാര്‍ട്ടൂണുകള്‍ക്ക്‌. കഥാപാത്രങ്ങള്‍ എപ്പോഴും സഞ്ചരിച്ചുകൊണ്ടേയിരിക്കും. ആ സഞ്ചാരത്തിനിടയിലാണ്‌ അവര്‍ ഡയലോഗുകള്‍ പറയുക. ഇത്‌ നമുക്ക്‌ ആനിമേഷനില്‍ കൊണ്ട്‌ വരാന്‍ പ്രയാസമുണ്ട്‌, സിനിമയിലും.(ഫാസ്റ്റ്‌ കട്ടിംഗുകള്‍കൊണ്ട്‌ ഒരു പരിധിവരെ ഇത്‌ മറികടക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്‌. )

റ്റോംസ്‌ - ബോബന്‍റെയും മോളിയുടേയും കര്‍ത്താവ്‌.

റ്റോംസ്‌ എന്ന പേരില്‍ അറിയപ്പെടുന്ന V.T. തോമസ്‌ ആണ്‌ ബോബന്‍റെയും മോളിയുടേയും കര്‍ത്താവ്‌.
1921 മേയ്‌ 6 ന്‌ കുട്ടനാട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.
1961 ല്‍ മലയാള മനോരമയില്‍ ചേര്‍ന്നു.



1987 ല്‍ മനോരമയില്‍ നിന്ന്‌ റിട്ടയറായി.

കുട്ടനാട്ടില്‍ അദ്ദേഹത്തിന്‍റെ വീട്ടിനടുത്തുള്ള രണ്ട്‌ കുസൃതിക്കുട്ടികളായിരുന്നു ബോബന്‍റെയും മോളിയുടേയും പ്രചോദനം. അവരുടെ തന്നെ അമ്മയുടെ ഒരു പ്രതിച്ഛായയാണ്‌ മേരിക്കുട്ടി.

റ്റോംസ്‌ ഇപ്പോള്‍ കോട്ടയത്ത്‌ കഞ്ഞിക്കുഴിയിലാണ്‌ താമസം. ഭാര്യ ത്രേസ്യാക്കുട്ടി. മക്കള്‍ മൂന്ന് ആണും മൂന്ന് പെണ്ണും. അവരില്‍ ഒരാള്‍ ബോബനും ഒരാള്‍ മോളിയും. ഇതില്‍ മോളിയുടെ മകനാണ്‌ ഉണ്ണിക്കുട്ടനായി കാറ്‍ട്ടൂണുകളില്‍ വന്നത്‌.

ശ്രീ റ്റോംസിന്റെ കാര്‍ട്ടൂണുകളില്‍ ഏറ്റവും മികച്ചവയുണ്ടായിട്ടുള്ളത്‌ എഴുപതുകളിലാണെന്ന്‌ തോന്നുന്നു. മികച്ച സ്ട്രോക്കുകള്‍ കൊണ്ടും ഭാവങ്ങള്‍ കൊണ്ടും അന്നത്തെ കാര്‍ട്ടൂണുകള്‍ മികച്ച നിലവാരത്തിലുള്ളതാണ്‌. റ്റോംസിന്‍റെ പ്രതിഭയുടെ ഏറ്റവും ഉയര്‍ന്നതലവും അക്കാലത്തയിരുന്നെന്നാണ്‌ എന്റെ അഭിപ്രായം. ആര്‍ കെ ലക്ഷ്മണ്‍ താന്‍ തത്പര്യത്തോടെ നോക്കിക്കാണുന്ന കാര്‍ട്ടൂണിസ്റ്റാണെന്ന്‌ റ്റോംസ്‌ സാര്‍ പറയുകയുമുണ്ടായി. ഒപ്പം അദ്ദേഹത്തിന്‌ ഏറെ ഇഷ്ടപ്പെട്ട മറ്റ്‌ രണ്ട്‌ കാര്‍ട്ടൂണിസ്റ്റുകളാണ്‌ ഷങ്കറും ഡേവിഡ്‌ ലോയും.

"ലോ" വലിയ പോയിന്‍റുള്ള ബ്രഷുകള്‍ ഉപയോഗിച്ച്‌ വലിപ്പമുള്ള കാര്‍ട്ടൂണുകള്‍ വരക്കുകയും പിന്നെടവ മാഗസിനില്‍ റെഡ്യൂസ്‌ ചെയ്ത്‌ അച്ചടിച്ച്‌ വരികയും ചെയ്യുമ്പോഴുള്ള ഭംഗി ശ്രീ ടോംസ്‌ സഭാഷണത്തിനിടയില്‍ പലപ്പോഴും സൂചിപ്പിക്കാറുണ്ട്‌. ബ്രഷ്‌ ഉപയോഗിച്ചായിരുന്നു ബോബനും മോളിയും വരച്ചിരുന്നത്‌. പിന്നീടവ സ്കെച്ച്‌ പെന്നിന്റെ സാദൃശ്യമുള്ള മാര്‍ക്കര്‍ പെന്നുപയോഗിച്ചായി. വലിയ പേപ്പറിലാണ്‌ അദ്ദേഹം വരക്കുക(ചിത്രം). ആദ്യമെ സ്ക്രിപ്റ്റ്‌ തയ്യാറാക്കിയ ശേഷം കോളങ്ങള്‍ വരക്കുന്നു. പിന്നീട്‌ അതില്‍ ആവശ്യമുള്ള ബലൂണുകള്‍ വരച്ച്‌ അതില്‍ ഡയലോഗുകല്‍ എഴുതും. ശേഷമാണ്‌ ചിത്രങ്ങള്‍ വരക്കുക. ഡയലോഗുകള്‍ കാച്ചിക്കുറുക്കിയെടുക്കുന്നതിലാണ്‌ ഏറ്റവും ശ്രദ്ധകൊടുക്കേണ്ടിവരുന്നത്‌.













ഒരു തലമുറയുടെ നൊസ്റ്റാള്‍ജിയയാണു ബോബനും മോളിയും.തനിക്ക്‌ വേണ്ടപ്പെട്ടവരെക്കുറിച്ച്‌ പറയുമ്പോലാണ്‌ അവര്‍ ബോബനേയും മോളിയേയും കുറിച്ച്‌ പറയുക.പുതിയ തലമുറ കൌതുകത്തോടെ പഴയ തലമുറയുടെബോബനും മോളിയും വിശേഷങ്ങള്‍ക്ക്‌ കാതോര്‍ക്കുന്നു. ...അന്ന്‌ "മനോരമ" വാരിക കിട്ടാന്‍ കാത്തിരുന്നതും കിട്ടിയാലുടന്‍ അവസാനത്തെ പേജ്‌ ആദ്യംതന്നെ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കുന്നതും മറ്റും മറ്റും...

കഥയില്‍ ബോബനും മോളിയും ഇരട്ടക്കുട്ടികളാണ്‌ (twins). വയസ്സ്‌ പത്ത്‌. ബോബന്റെയും മോളിയുടെയും അച്ഛന്‍ പോത്തന്‍ വക്കീല്‍. കേസൊന്നുമില്ലാത്ത വക്കീലാണ്‌.
ബോബന്‍റെയും മോളിയുടെയും അമ്മ മേരിക്കുട്ടി.
ബോബന്റെയും മോളിയുടേയും സന്തത സഹചാരി പട്ടിക്കുട്ടി, കുട്ടികളുടെ വികാരം പട്ടിക്കുട്ടിയിലും പ്രതിഫലിക്കുമായിരുന്നു.
അയല്‍ക്കാര്‍‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഇട്ടുണ്ണാന്‍(ചേട്ടന്‍),ഭാര്യ - മജിസ്ട്രേറ്റ്‌ മറിയാമ്മ (ചേട്ടത്തി-ചേട്ടത്തിയുടെ പേര്‍ കാര്‍ട്ടൂ‍ണിസ്റ്റ് ഒരിടത്തും പരാമര്‍ശിച്ചു കണ്ടിട്ടില്ല). എങ്കിലും കാര്‍ട്ടൂണിസ്റ്റിനോട് ചോദിച്ചപ്പോള്‍ പറഞ്ഞതാണ് ഈ പേര്.
ഇവരുടെ വീട്ടില്‍ വാടകയ്ക്ക്‌ താമസിക്കുകയാണ്‌പോത്തന്‍ വക്കീലിന്‍റെ കുടുംബം.വാടകക്കാശ്‌ കൃത്യമായി കൊടുക്കാത്തതിനാല്‍ബോബന്‍റേയും മോളിയുടേയും കുടുംബവുമായിമിക്കവാറും കശപിശയിലായിരിക്കും പ്രസിഡന്‍റും ചേട്ടത്തിയും.
അപ്പി ഹിപ്പി മറ്റൊരു കഥാപത്രമാണ്. ഒരു ഇംഗ്ലിഷ് മ്യൂസിക് ബാന്റിനിടയില്‍ നിന്ന് കണ്ടെടുത്തതാണ് ഈ കഥാപാത്രത്തെ. 70 കളിലെ ഹിപ്പി സ്റ്റൈലാണ് അപ്പിഹിപ്പിക്ക്.