Sunday, October 28, 2007

ബോബനും മോളിയും- ഒരു പഠനം ആവശ്യപ്പെടുന്നു?

ബോബനും മോളിയും മനോരമയില്‍ വന്നതുകൊണ്ടാണോ അതോ വളരെ ലളിതമായി വിഷയങ്ങള്‍ കൈകാര്യം ചെയ്തത്‌ കൊണ്ടാണോ വേണ്ടത്ര ഗൌരവത്തോടെ ചര്‍ച്ചചെയ്യപ്പെടാതെ പോയത്‌?
ബോബനും മോളിയും എന്ന കഥാപാത്രങ്ങളെക്കുറിച്ചു മാത്രമാണ്‌ പൊതുവെ ചര്‍ച്ചചെയ്യപ്പെട്ട്‌ കാണുന്നത്‌.



ബോബനും മോളിയും അനിമേഷന്‍ ചെയ്യുന്നതിനുള്ള ചുമതല ലഭിക്കുന്നതോടെയാണ്‌ ശരിക്കും ബോബനും മോളിയും കാര്‍ട്ടൂണ്‍ സ്ട്രിപ്പുകളെ നേരമ്പോക്ക്‌ വയന എന്നതില്‍ നിന്നും ഗൌരവവായനയിലേക്ക്‌ ഞാനും ശ്രമിക്കുന്നത്‌. എങ്കിലും എഴുപതുകളിലെ ബോബനും മോളിയിലൂടെ കടന്ന്‌ പോകെപ്പോകെ അതിലെ കഥാപാത്രങ്ങള്‍, അവരുടെ ഭാവങ്ങള്‍, ശരീര ഭാഷ ഒക്കെ എന്നെ ആകെ പിടിച്ചിരുത്തി.

ഒരിക്കല്‍ സംവിധായകന്‍ ശ്രീ മെക്കാര്‍ട്ടിനുമായി സംസാരിക്കവെ ബോബനും മോളിയും ആനിമേറ്റ്‌ ചെയ്യുന്നതിനോട്‌ അദ്ദേഹം വിയോജിപ്പ്‌ പ്രകടിപ്പിച്ചു. ബോബനും മോളിയും ആനിമേറ്റ്‌ ചെയ്യനോ സിനിമയാക്കാനോ ചെയ്യാനാവില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. "അങ്ങനെ ചെയ്യുന്നത്‌ വലിയ അബദ്ധമാണ്‌".

ബോബനും മോളിയും ആനിമേറ്റ്‌ ചെയ്ത്‌ തുടങ്ങിയപ്പോള്‍ എനിക്കത്‌ ശരിക്കും അനുഭവപ്പെട്ടു.
നിരന്തരമായ വേഗതയാണ്‌ ബോബനും മോളിയും കാര്‍ട്ടൂണുകള്‍ക്ക്‌. കഥാപാത്രങ്ങള്‍ എപ്പോഴും സഞ്ചരിച്ചുകൊണ്ടേയിരിക്കും. ആ സഞ്ചാരത്തിനിടയിലാണ്‌ അവര്‍ ഡയലോഗുകള്‍ പറയുക. ഇത്‌ നമുക്ക്‌ ആനിമേഷനില്‍ കൊണ്ട്‌ വരാന്‍ പ്രയാസമുണ്ട്‌, സിനിമയിലും.(ഫാസ്റ്റ്‌ കട്ടിംഗുകള്‍കൊണ്ട്‌ ഒരു പരിധിവരെ ഇത്‌ മറികടക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്‌. )

No comments:

Post a Comment